11:45am 09 August 2026
NEWS
സമരരീതിയിൽ മാറ്റം; ഫണ്ട് പിരിവിലെ പേരുദോഷവും മാറ്റും; പുതുതലമുറയെ ആകർഷിക്കാൻ സി.പി.എം
08/08/2026  07:29 AM IST
nila
സമരരീതിയിൽ മാറ്റം; ഫണ്ട് പിരിവിലെ പേരുദോഷവും മാറ്റും; പുതുതലമുറയെ ആകർഷിക്കാൻ സി.പി.എം

 

തിരുവനന്തപുരം: പാർട്ടിയുടെ നിലവിലെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റം വരുത്താൻ സി.പി.എം. സെപ്റ്റംബറിൽ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തിൽ കർമ്മപരിപാടി തയ്യാറാക്കും. ‘പാറ്റ’ സമരമുൾപ്പെടെയുള്ള സമീപകാല അനുഭവങ്ങളും പാർട്ടിയുടെ നിലവിലെ അവസ്ഥയും വിലയിരുത്തിയ ശേഷമായിരിക്കും പുതിയ പ്രവർത്തനരീതി രൂപപ്പെടുത്തുക. സമരങ്ങളുടെ പ്രചാരണരീതിയിലും മാറ്റം വേണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. 

നിലവിൽ പാർട്ടിയിലെയും വർഗ-ബഹുജന സംഘടനകളിലെയും അംഗങ്ങൾ മാത്രമാണ് ഭൂരിഭാഗം സമരങ്ങളിലും പങ്കെടുക്കുന്നത്. എന്നാൽ സമരങ്ങൾ ഉയർത്തുന്ന വിഷയങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ പലപ്പോഴും സമരത്തിന്റെ ഭാഗമാകുന്നില്ല. ഈ സാഹചര്യം മാറ്റി സമരങ്ങളെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. പുതുതലമുറയെ പാർട്ടിയിലേക്കും പ്രവർത്തനങ്ങളിലേക്കും ആകർഷിക്കുന്നതിനുള്ള പുതിയ സമീപനവും കർമ്മപരിപാടിയിൽ ഉൾപ്പെടുത്തും. പരമ്പരാഗത പ്രവർത്തനശൈലിയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഫണ്ട് പിരിവിലെ പേരുദോഷം മാറ്റും

സി.പി.എമ്മിനും പോഷകസംഘടനകൾക്കും വലിയ തോതിൽ ഫണ്ട് പിരിവ് നടത്തുന്ന പാർട്ടി എന്ന പേരുദോഷമുണ്ടെന്ന വിലയിരുത്തലും യോഗത്തിൽ ചർച്ചയാകും. ഇതിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി വിശാല സംസ്ഥാനകമ്മിറ്റിയുടെ നടത്തിപ്പിൽ തന്നെ പുതിയ മാതൃക പരീക്ഷിക്കും.

പാർട്ടി സമ്മേളനത്തിന്റെ രീതിയിൽ നടത്താനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആർഭാടം ഒഴിവാക്കും. പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്തില്ല. പകരം ഓരോ പാർട്ടി അംഗവും കുറഞ്ഞത് 100 രൂപ വീതം യോഗത്തിന്റെ ചെലവിലേക്ക് നൽകണം. കൂടുതൽ തുക നൽകാൻ കഴിയുന്നവർക്ക് അധിക വിഹിതം നൽകാനും നിർദേശമുണ്ട്.

നാല് മേഖലകളിൽ തിരുത്തൽ

പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സംഘടന, ഭരണപരം എന്നീ നാല് മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും തിരുത്തൽ കർമ്മപരിപാടി തയ്യാറാക്കുക. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും നടത്തിയ അവലോകന റിപ്പോർട്ടുകളാകും പ്രധാന ചർച്ചാ രേഖകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ തലങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നിരീക്ഷകരായി യോഗത്തിൽ പങ്കെടുക്കും. സി.പി.എമ്മിന്റെ പോഷകസംഘടനകളുടെ പ്രവർത്തനത്തിനും പ്രത്യേകം കർമ്മപരിപാടി തയ്യാറാക്കും.

ഭരണം ലഭിച്ചതോടെ പാർട്ടിയുടെയും സംഘടനകളുടെയും പ്രവർത്തനം ഭരണപരമായ കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറിയെന്നതാണ് പ്രധാന സ്വയംവിമർശനങ്ങളിലൊന്ന്. പാർട്ടിയുടെ അടിസ്ഥാന പ്രവർത്തനവും ജനങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കാകും ഇനി കൂടുതൽ ഊന്നൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img